Friday, July 11, 2008

കാണാത്ത വഴികളിലൂടെ

  1. തണുത്ത ഡിസംബറിലെ ഒരു വൈകുന്നേരം എറണാകുളത്തുനിന്ന്‌ വണ്ടികയറുമ്പോള്‍ ഒരിക്കലും നിന്നെ കണ്ടുമുട്ടുമെന്നോ ഇത്രയേറെ സൗഹൃദത്തോടെ പെരുമാറുമെന്നോ കരുതിയിരുന്നില്ല. ഇന്റര്‍സിറ്റിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ണുകള്‍ തമ്മില്‍ ഉടക്കിയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, പിന്നീടൊരിക്കല്‍ നീ എന്റെ എല്ലാമാകുമെന്ന്‌...യാത്രയുടെ നാല്‌നാലര മണിക്കൂറൂകള്‍ എന്നത്തന്നെ നീ നോക്കിയിരിന്നപ്പോള്‍, എന്തോ ഞാന്‍ നിന്റേതാണെന്ന്‌ തോന്നിപ്പോയി. പിന്നെ നിനക്ക്‌ ഇരിക്കാനൊരിടം കിട്ടിയപ്പോള്‍, എന്റടുത്ത്‌ ഇരുന്നപ്പോള്‍... അവസാനം ഇറങ്ങാന്‍ സമയമായപ്പോള്‍ നീ എറിഞ്ഞുതന്ന ആ കുറിപ്പ്‌... തുടിക്കുന്ന ഹൃദയത്തോടെ അത്‌ തറയില്‍ നിന്നെടുക്കുമ്പോള്‍, ഞാന്‍ കൊതിക്കുകയായിരുന്നു, എനിക്കായി ദൈവം നല്‍കിയത്‌ നിന്നെത്തന്നെയാമെന്ന്‌...ട്രെയിനിന്റെ പടവുകളില്‍ കാല്‍വെച്ച്‌ തിരിഞ്ഞപ്പോള്‍, പിറകിലായി നടക്കുകയായിരുന്ന നീ എന്റെ ഹൃദയമിടിപ്പുകള്‍ക്ക്‌ വേഗത വര്‍ദ്ധിപ്പിച്ചത്‌ അറിഞ്ഞിരുന്നോ... നീ തന്ന ഫോണ്‍നമ്പര്‍ ആരും കാണാതെ ചേച്ചിയുടെ ബാഗിന്റെ പുറകിലത്തെ അറയിലിട്ടത്‌, എടുക്കാനുള്ള വ്യഗ്രതയായിരുന്നു പിന്നീട്‌. പക്ഷേ, അപ്പോഴും അറിഞ്ഞിരുന്നില്ല ഞാന്‍ കണ്ണടച്ചിരുട്ടാക്കുകയായിരുന്നുവെന്ന്‌.വീട്ടിലെത്തി ബാഗില്‍ നിന്ന്‌ നിന്റെ നമ്പര്‍ കയ്യിലെടുത്ത്‌ ബാത്ത്‌ റൂമില്‍ കയറി. അപ്പോഴും അറിഞ്ഞിരുന്നില്ല ആ കുറിപ്പു കൈമാറിയിരുന്നത്‌ ആരൊക്കെ കണ്ടിരുന്നുവെന്ന്‌. താഴെ എത്തിയപ്പോള്‍ ഒരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുണ്ടായിരുന്നു. ചോദ്യങ്ങള്‍ പെരുമഴയായി പെയ്‌തപ്പോഴും ആശ്വസിക്കുകയായിരുന്നു, നിന്റെ നമ്പര്‍ എനിക്കു കിട്ടിയതില്‍.ആദ്യമായി നിന്നെ വിളിച്ചത്‌ നീ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? പരിചയപ്പെട്ട്‌ രണ്ടു ദിവസത്തിനു ശേഷം. കൃത്യമായി പറഞ്ഞാല്‍ ജനുവരി ഒന്നിന്‌. നീ എനിക്കു കിട്ടിയ പുതുവത്സര സമ്മാനമാണെന്നു ഞാന്‍ കരുതി. എന്നേക്കാള്‍ ഓര്‍മ്മ നിനക്കായിരിക്കുമല്ലോ? അതല്ലേ നിന്റെ ഭാര്യയോട്‌ നീ എന്നെപ്പറ്റി പറഞ്ഞത്‌? നമ്മള്‍ പരിചയപ്പെട്ട്‌ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമായിരുന്നല്ലോ നിന്റെ പിറന്നാള്‍. അന്ന്‌ നിനക്കു സമ്മാനിച്ച ഗിഫ്‌റ്റ്‌ ഭദ്രമായി നീ എടുത്തുവെച്ചിട്ടുണ്ടെന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാം സംസാരിച്ചപ്പോള്‍ നീ പറഞ്ഞില്ലേ... അറിയാതെ സ്വയം ശപിച്ചുപോയ നിമിഷങ്ങള്‍... അന്ന്‌, വിറയ്‌ക്കുന്ന കൈയാലെ നിനക്ക്‌ അതുതന്ന്‌ തിരിച്ചുനടക്കുമ്പോള്‍ ഒരു വിപ്ലവം സൃഷ്‌ടിച്ച പ്രതീതിയായിരുന്നു മനസ്സില്‍. പക്ഷേ, അന്നെനിക്ക്‌ പതിനാറ്‌ വയസ്സു മാത്രമായിരുന്നു. ഇന്ന്‌ ഏഴു വര്‍ഷത്തിനു ശേഷം അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നഷ്‌ടബോധം മിന്നിമറയുന്നോ എന്നു തോന്നിപ്പോകുന്നു. ഒരു കാര്യം പറയാന്‍ ഞാന്‍ വിട്ടുപോയി. ഇന്ന്‌ ഞാനും ഒരു കുടുംബിനിയാണ്‌. ജീവിതത്തിലെ സുഖങ്ങളും തമാശകളും എല്ലാം അവസാനിച്ചെന്നു തോന്നിയതായിരുന്നു. പക്ഷേ, എന്നെ ഒരുപാട്‌ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെയാണ്‌ എനിക്കു കിട്ടിയത്‌. ഇപ്പോള്‍ ഞാന്‍ ഒരു ഉദ്യോഗസ്ഥ കൂടിയാണ്‌.പിന്നീട്‌ നമുക്കെന്തു പറ്റിയെന്ന്‌ ഞാന്‍ സത്യസന്ധമായി പറയട്ടെ. നീ പരിഭവിക്കരുത്‌. ഞാന്‍ നിന്നോട്‌ കള്ളം പറയുകയായിരുന്നു, നിന്നെപ്പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞതിനാലാണ്‌ ഞാന്‍ നിന്നില്‍ നിന്നകന്നതെന്ന്‌. പക്ഷേ, എന്തോ ഒരകല്‍ച്ച; അത്രമാത്രം.ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ നമ്മള്‍ കണ്ടുമുട്ടിയിരുന്നത്‌ നീ ഓര്‍ക്കുന്നുണ്ടോ? ഒരു വൈകുന്നേരം റസ്റ്റോറന്റില്‍ വെച്ച്‌. അന്ന്‌ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ഞാന്‍ ഒരുപാട്‌ നിന്നെപ്പറ്റി സംസാരിച്ചു. വീടെത്തുന്നതുവരെ നീയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. പിന്നീട്‌ നീകാരണം വീട്ടില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും എന്റെ മനസ്സില്‍ നിന്ന്‌ നീ മാഞ്ഞിരുന്നു. അന്നും നീ എന്നെ വിളിക്കാറുണ്ട്‌; സംസാരിക്കാറുണ്ട്‌. എല്ലാ തിരക്കുകള്‍ക്കിടയിലും എനിക്കായി കരുതിവെക്കാന്‍ നീ സമയം കണ്ടെത്തിയിരുന്നു. നിന്നെ ഞാനൊരു കോമാളിയാക്കിയോ എന്ന്‌ എന്റെ കൂട്ടുകാരി എന്നോടു ചോദിക്കാറുണ്ടായിരുന്നു. എന്നെക്കുറിച്ചു എഴുതാന്‍ മാത്രമായി അവള്‍ക്ക്‌ ഞാനൊരു ഡയറി സമ്മാനിച്ചപ്പോള്‍ അതിലും നിറഞ്ഞുനിന്നിരുന്നത്‌ നീയായിരുന്നു. അപ്പോഴും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.പിന്നെ പി. ജി.ക്കു പഠിക്കുമ്പോഴാണ്‌ നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത്‌. അന്ന്‌ വീണ്ടും നിന്നിലേക്കടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അന്ന്‌ എന്റെ കൂട്ടുകാരിതന്നെ എനിക്കെതിരാവുകയായിരുന്നു. നീ എനിക്കു ചേര്‍ന്നവനല്ല, നിന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌ എന്നൊക്കെ അവള്‍ പറഞ്ഞപ്പോള്‍ എന്തോ, എനിക്കത്‌ അന്ന്‌ വേദവാക്യമാവുകയായിരുന്നു.പിന്നെ ജോലികിട്ടിയപ്പോള്‍ ഞാന്‍ നിന്നെ വീണ്ടും വിളിച്ചു. അന്ന്‌ ഓഫീസില്‍ ഫോണ്‍ ഫ്രീയായിരുന്നു. ആരേയും വിളിക്കാനില്ലാത്തതുകൊണ്ട്‌ നിന്നെ വിളിക്കുകയായിരുന്നു. എല്ലാ തിരക്കിനിടയിലും നീ എന്നോട്‌ സംസാരിക്കാന്‍ സമയം കണ്ടെത്തി. എന്നെ വിവാഹം കഴിക്കാമോ എന്ന്‌ ഞാന്‍ ആദ്യമായി നിന്നോട്‌ ചോദിച്ചു. നീ ചിരിച്ചു. അതായിരുന്നു ആദ്യമായി ഞാന്‍ നിന്റെ മുന്നില്‍ പതറിപ്പോയ നിമിഷങ്ങള്‍. പിന്നീട്‌ നീ ആലോചിക്കട്ടെ എന്നു പറയുമ്പോള്‍ നിന്റെ സാന്നിദ്ധ്യം ഞാന്‍ ആഗ്രഹിക്കാതെയും പോയി. എന്റെ വിവാഹം നിശ്ചയിച്ച വിവരം നിന്നെ അറിയിച്ചപ്പോള്‍ ആദ്യം നീ വിശ്വസിച്ചില്ല. അന്ന്‌ നീ ചോദിച്ചു, നീ ഫോണ്‍ ചെയ്‌തപ്പോള്‍ എന്തേ എടുക്കാതിരുന്നതെന്ന്‌. എന്നെ വിവാഹം കഴിക്കാനിഷ്‌ടമാണെന്നു പറയാനായിരുന്നു നീ അന്നാ ഫോണ്‍ ചെയ്‌തത്‌ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എന്തോ ദൈവം നിന്നോട്‌ ചെയ്‌ത തെറ്റിന്‌ എന്നെ ശിക്ഷിക്കുകയായിരുന്നു. അതായിരുന്നു ആ ഫോണ്‍ വന്നപ്പോള്‍ അതെടുക്കാതിരിക്കാന്‍ എനിക്കു തോന്നിയത്‌.പിന്നെ അവസാനമായി നിന്നെ കണ്ടത്‌, ആ പുതിയ റസ്റ്റോറന്റില്‍ വെച്ചായിരുന്നു. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചു, നിന്റെ കയ്യും പിടിച്ചുനില്‍ക്കുന്ന നിന്റെ ഭാര്യയെ കണ്ട്‌. എന്തൊരു സൗന്ദര്യം...

പരാതിയും പരിഭവങ്ങളുമില്ലാതെ 50 വര്‍ഷം

വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും -മുഴുവന്‍ പോയിട്ട്‌ അല്‍പമെങ്കിലും- സ്‌ത്രീയില്‍ അര്‍പ്പിക്കുന്ന പുരുഷന്‍മാര്‍ ഇന്നും വളരെ കുറവാണ്‌. എന്നാല്‍ തൃക്കോട്ടൂരിന്റെ കഥാകാരന്‌ എന്നും എല്ലാം ഭാര്യ ഫാത്തിമ ബീവിയാണ്‌. ഏതാണ്ട്‌ അനാഥത്വത്തിന്റെ ഇരുണ്ട ഭൂമികയിലൂടെ പ്രയാണംതുടങ്ങി, പലപ്പോഴും അന്യഥാബോധത്തിലൂടെ, ഏകാന്തതയിലൂടെ കടന്നുപോന്നിരുന്ന ജീവിതത്തിന്‌ പുതിയ അര്‍ത്ഥതലങ്ങളും ദിശാബോധവും ഉണ്ടായത്‌ ഫാത്തിമ ജീവിതത്തിലേക്ക്‌ എത്തിച്ചേര്‍ന്നതിനു ശേഷമാണെന്ന്‌ ഖാദര്‍ക്ക പറയുന്നു; തുറന്നമനസ്സോടെ, ആഹ്ലാദത്തോടെ, അഭിമാനത്തോടെ. ഇന്നുകാണുന്ന എല്ലാ സുഖസൗഭാഗ്യങ്ങളുടേയും പിന്നില്‍ ഭാര്യയുടെ കരുതലും ശ്രദ്ധയുമാണെന്നു പറയുമ്പോള്‍, സാര്‍ത്ഥകമായ ഒരു ദാമ്പത്യജീവിതത്തിന്റെ സംതൃപ്‌തിയും നിര്‍വൃതിയും യു. എ. ഖാദര്‍ എന്ന കഥാകാരന്റെ മുഖത്ത്‌ തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.ജനിച്ച്‌ എട്ടുവയസ്സുവരെ ബര്‍മ്മയില്‍ വളര്‍ന്ന്‌ പിന്നീട്‌ മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനായിമാറിയ യു. എ. ഖാദര്‍ ബാപ്പയുടെ സ്വദേശമായ കൊയിലാണ്ടിയില്‍ എത്തുന്നത്‌ ഉമ്മ ബര്‍മ്മക്കാരിയായിരുന്ന മാമെദിയുടെ മരണശേഷമാണ്‌. രണ്ടാംലോകമഹായുദ്ധ കാലത്തായിരുന്നു ആ യാത്ര; ഒരുതരം അഭയാര്‍ത്ഥിപ്രവാഹം. മുലപ്പാലിന്റെ മണമെന്തെന്ന്‌ അറിഞ്ഞിട്ടില്ലാത്ത, ഖാദര്‍ എന്ന കൊച്ചുകുട്ടി രോഗത്തിന്റെ അവശതകളും പേറിയായിരുന്നു ആ യാത്ര തരണംചെയ്‌തത്‌. ജീവിതത്തിലേക്ക്‌ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന്‌ എല്ലാവരും കണക്കാക്കിയിരുന്ന ആ കുട്ടി ആരക്കാന്‍ മലനിരകളില്‍ അന്ന്‌ ഉപേക്ഷിക്കപ്പെടാതെ പോയത്‌ മലയാളത്തിന്റെ സുകൃതം! നാട്ടിലെത്തിയപ്പോള്‍ വ്യാകുലതകളും വിരസതകളും നിറഞ്ഞ ജീവിതമായിരുന്നു ഈ ബാലന്‌ അഭിമുഖീകരിക്കാനുണ്ടായിരുന്നത്‌. ബാപ്പ രണ്ടാമത്‌ വിവാഹം കഴിച്ച ഇളയുമ്മയുടെ കൂടെയായിരുന്നു താമസം. എന്നാല്‍ അന്ന്‌ അന്തിയുറങ്ങിയിരുന്നത്‌ വീട്ടിന്റെ ചായ്‌പില്‍. സ്‌നേഹവാത്സല്യങ്ങളുടെ ചൂടും ചൂരും അറിയേണ്ട പ്രായത്തില്‍ തികഞ്ഞ ഏകാന്തവാസം! ആ വീട്ടില്‍ വെറുമൊരു വരുത്തുകാരന്‍ മാത്രമായിരുന്നു താനെന്ന്‌ ഖാദര്‍ക്ക പറയുന്നു. ആരോരുമില്ലാതെ, അനാഥത്വത്തിന്റെ വഴികളിലൂടെ അലഞ്ഞിരുന്ന അക്കാലത്ത്‌ പലപ്പോഴും റംഗൂണില്‍ നിന്ന്‌ ബാപ്പ വരുന്നത്‌ കാത്തിരിക്കുകയായിരുന്നു തന്റെ ആവശ്യങ്ങളോരോന്നും അറിയിക്കുന്നതിനുവേണ്ടി. മനസ്സേറെ മടുക്കുമ്പോള്‍ നാട്ടിലുള്ള കുടുംബാംഗങ്ങളൊയൊക്കെ കാണാന്‍ പോവുക. അത്‌ ഏകാന്തതക്കും അനാഥത്വത്തിനും കണ്ടെത്തിയ മറുമരുന്നായിരുന്നു. വകയില്‍ ഉപ്പയുടെ മരുമകളായ ഫാത്തിമ ബീവിയെ കണ്ടുമുട്ടുന്നത്‌ അങ്ങനെയൊരു സന്ദര്‍ശനവേളയില്‍. പക്ഷേ, തങ്ങളുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണെന്ന്‌ ഖാദര്‍ക്കായും ഫാത്തിമ ബീവിയും പറയുന്നു. ഫാത്തിമയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു ഖാദര്‍. അതുപോലെ തന്നെ ഖാദര്‍ക്കായ്‌ക്ക്‌ ഇഷ്‌ടപ്പെട്ട കൂവയും കാച്ചിലുമൊക്കെയായി ഖാദര്‍ക്കയെ കാണാന്‍ ഫാത്തിമയും ഖാദര്‍ക്കായുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. അന്നെല്ലാം ഫാത്തിമയെ തിരിച്ചു വീട്ടില്‍കൊണ്ടുചെന്നാക്കുന്നത്‌ ഖാദര്‍ക്കയുടെ ഉത്തരവാദിത്വം ആയിരുന്നു. പക്ഷേ, ഉള്ളില്‍ ചെറിയൊരു ഇഷ്‌ടം ഉണ്ടായിരുന്നെങ്കിലും ഭാവിയെക്കുറിച്ച്‌ വലിയ സ്വപ്‌നങ്ങളൊന്നും നെയ്‌തെടുത്തിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കല്യാണം കഴിഞ്ഞതിനുശേഷമാണ്‌ തനിക്ക്‌ ഫാത്തിമ്മമയോട്‌ സ്‌നേഹം തോന്നിയതെന്ന്‌ ഖാദര്‍ക്ക പറയുന്നു. മകന്‍ നാടുവിട്ടുപോകാതിരിക്കാന്‍, ബന്ധങ്ങളുടെ വേരുകള്‍ അറ്റുപോകാതിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹത്തെ തന്റെ മരുമകളെക്കൊണ്ട്‌ കല്യാണം കഴിപ്പിക്കാന്‍ ബാപ്പ തീരുമാനിച്ചതെന്നും ഖാദര്‍ക്ക ഓര്‍ക്കുന്നു.ഫെബ്രുവരി 11-ാം തിയ്യതി ദാമ്പത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌ ഖാദര്‍ക്കയും ഫാത്തിമബീവിയും. വലിയ ആഘോഷങ്ങളും ഉത്സവത്തിമര്‍പ്പുകളും ആഗ്രഹിക്കുന്നില്ലെങ്കിലും ഇരുവരും നിറഞ്ഞ മനസ്സോടെ പടച്ചവനെ സ്‌തുതിക്കുകയാണ്‌ അന്‍പത്‌ വര്‍ഷത്തെ ജീവിതധന്യതക്ക്‌. വിവാഹശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌, സ്വത്തും മുതലും ഉള്ള തറവാടില്‍നിന്ന്‌ ഖാദര്‍ക്കയുടെ കൂടെ കോഴിക്കോട്ടേക്ക്‌ പടിയിറങ്ങിവരുമ്പോള്‍ ഇവര്‍ക്ക്‌ ആകെകൂടി ഉണ്ടായിരുന്ന സ്വത്ത്‌ നാലുമക്കള്‍ മാത്രമായിരുന്നു. തുടര്‍ന്നുള്ള ജീവിതത്തില്‍ ഭാര്യയുടെ കരുതലും ത്യാഗവും അദ്ധ്വാനവുംകൊണ്ട്‌ മാത്രമാണ്‌ ഇന്ന്‌ ഈ നിലയില്‍ എത്തിയതെന്ന്‌ പറയുന്നതില്‍ അഭിമാനംകൊള്ളുന്നു ഖാദര്‍ക്ക. എഴുത്തുകാരന്‌ ?ആത്മസംതൃപ്‌തി? മാത്രം പ്രതിഫലമായി കിട്ടിയിരുന്ന ആ കാലത്തും, ദിവസങ്ങളോളം തന്റെ പ്രിയഭര്‍ത്താവ്‌ എഴുത്തിന്റെ ലോകത്ത്‌ പ്രവേശിക്കുമ്പോള്‍, ആവശ്യങ്ങളറിഞ്ഞു നിറവേറ്റിക്കൊടുക്കാന്‍ ഉറക്കമിളച്ചു കൂട്ടിരുന്ന ഒട്ടേറെ അനുഭവങ്ങളും ഫാത്തിമയുടെ ഇഷ്‌ടപ്പെട്ട ഓര്‍മ്മകളില്‍ പൊടിപിടിക്കാതെ തിളങ്ങിനില്‍ക്കുന്നു. അതുപോലെത്തന്നെ തനിച്ചു കിടക്കാന്‍ പേടിയുള്ള ഖാദര്‍ക്കാനെ പറ്റിയും... എന്തുചോദിച്ചാലും ഫാത്തിമ ബീവി ഒരുത്തരം മാത്രമേയുള്ളൂ. ``ക്ഷമിച്ചും സഹിച്ചും പരാതികളും പരിഭവങ്ങളും ഇല്ലാതെ അന്‍പത്‌ വര്‍ഷം ഇദ്ദേഹത്തെ ഞാന്‍ സഹിച്ചു.'' ചെറിയ ചിരിയോടെയാണെങ്കിലും പലപ്പോഴും ആരെയും അറിയിക്കാതെ പട്ടിണി കിടന്ന ദിവസങ്ങളും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന്‌ പറയുമ്പോഴും ഈ വീട്ടമ്മയുടെ മുഖത്ത്‌ ആരോടും പരാതിയില്ലാത്തതിന്റെ തെളിമ. സുഖദുഃഖങ്ങളുടെ സഹയാത്രികരായി സഞ്ചരിച്ചുതീര്‍ത്ത ഈ അന്‍പത്‌ വര്‍ഷത്തെ ജീവിതത്തില്‍ താന്‍ പരിപൂര്‍ണ്ണ തൃപ്‌തയാണെന്നും ഫാത്തിമ പറയുന്നു.കുറഞ്ഞ ശമ്പളം മാത്രം കിട്ടിയിരുന്ന ആ കാലത്ത്‌, എഴുത്തില്‍ നിന്ന്‌ കിട്ടിയിരുന്നതും തുച്ഛമായ വരുമാനം. അത്യാവശ്യങ്ങള്‍ക്കുപോലും പണം തികയാറില്ല. കല്യാണം കഴിക്കുന്ന സമയത്ത്‌ ആകാശവാണിയിലായിരുന്നു ഖാദര്‍ക്ക ജോലി ചെയ്‌തിരുന്നത്‌. മൂപ്പര്‍ക്ക്‌ കിട്ടുന്ന ശമ്പളമാണെങ്കില്‍ പലപ്പോഴും പരോപകാരാര്‍ത്ഥം ചെലവഴിക്കും. ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചുവന്നാല്‍ കയ്യിലുള്ളത്‌ എടുത്തുകൊടുക്കും. അന്നും ഇന്നും വീട്ടിലെ ഒരു കാര്യവും ഖാദര്‍ക്കയുടെ മനസ്സിനെ അലട്ടാറില്ല. `കാര്യേഷുമന്ത്രി'യായി ഒരാളുള്ളതിന്റെ സുഖത്തില്‍ രാജാവായി വാഴും. `പിന്നെ ഒക്കെ ഞാനാ കൈകാര്യം ചെയ്‌ത്‌ ഒരു കരക്കെത്തിക്കുന്നത്‌.' എല്ലാത്തിനും ഭാര്യയുടെ തുണയും തണലുമാണ്‌ എക്കാലത്തും ഖാദര്‍ക്കായ്‌ക്കും ഇഷ്‌ടം. ജീവിത സംതൃപ്‌തിയുടെ പൊരുളും.വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രിയില്‍ തന്നെ ഖാദര്‍ക്ക്‌ പറഞ്ഞിട്ടുള്ള ആത്മാനുഭവത്തിന്റെ കഥകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും അവരുടെ കണ്ണുകള്‍ നിറയുന്നു. ഉമ്മയില്ലാതെ വളര്‍ന്നതിന്റെ വേദനകള്‍. ഏകാന്തതയും അന്യഥാബോധവും വേട്ടയാടിയ ബാല്യത്തിന്റെ മുറിപ്പാടുകള്‍. ഇനിമുതല്‍ എല്ലാത്തിനും കൂട്ടായി നീ ഉണ്ടാകണമെന്ന ഖാദര്‍ക്കയുടെ വാക്കുകള്‍ ഫാത്തിമയുടെ മനസ്സില്‍ ഇന്നും മായാത്ത ചിത്രങ്ങളായി നിലനില്‍ക്കുന്നു. ആ കൊച്ചുവാക്കുകളുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞ ഫാത്തിമ, ഇന്ന്‌ തികഞ്ഞ സംതൃപ്‌തയാണ്‌. വിവാഹശേഷം കുടുംബത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അദ്ദേഹത്തെ ഞാന്‍ പറഞ്ഞുവിഷമിപ്പിക്കാറില്ല. ഉമ്മയില്ലാതെ വളര്‍ന്ന ആളല്ലെയെന്ന്‌ ഞാന്‍ മനസ്സിലോര്‍ക്കും. ഫാത്തിമ വിനയാന്വിതയായി.ഭാര്യയുടെ പാചക നൈപുണ്യത്തില്‍ ഏറെ തൃപ്‌തയാണ്‌ ഖാദര്‍ക്ക. തനിക്ക്‌ ഇഷ്‌ടമുള്ളതെന്തും വെച്ചുവിളമ്പിത്തരാന്‍ ഇന്നും ഫാത്തിമയ്‌ക്ക്‌ ഏറെ ഇഷ്‌ടമാണെന്ന്‌ പറയുമ്പോള്‍ `ഏറെ നീട്ടിപ്പരത്തി പറയാതെ' തന്നെ കുടുംബസൗഖ്യത്തിന്റെ ആഹ്ലാദാരവങ്ങള്‍ നമ്മുടെ കാതുകളിലേക്കെത്തും. പ്രായത്തിന്റെ നിഴല്‍പാടുകള്‍ ഇന്നും ഇവരില്‍ നിന്നകന്നുനില്‍ക്കുന്നു; ശരീരത്തിലും മനസ്സിലും. മനസ്സിന്റെ കണ്ണാടിയാണ്‌ മുഖമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാണെന്ന്‌ ബോധ്യപ്പെടും ഇരുവരുടെയും പ്രായത്തെ വെല്ലുന്ന പ്രസരിപ്പ്‌ കാണുമ്പോള്‍. അതുകൊണ്ട്‌ തന്നെ കുടുംബജീവിതം അന്‍പത്‌ വര്‍ഷം പൂര്‍ത്തിയാക്കുന്ന കാര്യം തുറന്നുപറയാന്‍ അല്‍പം മടിയുമുണ്ടെന്ന്‌ ഖാദര്‍ക്ക. അന്‍പത്‌ വര്‍ഷം പിന്നിടുന്ന കുടുംബജീവിതം എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ വയസ്സു കണക്കുകൂട്ടാന്‍ തുടങ്ങും. ഇത്രയും പറഞ്ഞ്‌ പതിവ്‌ ശൈലിയില്‍ ഒരുചിരിയും പാസാക്കാന്‍ മലയാളസാഹിത്യത്തിലെ ഈ `യുവപ്രതിഭ' മറന്നില്ല.ഫാത്തിമയുടെ നാടുമായുള്ള സമ്പര്‍ക്കമാണ്‌ എഴുത്തില്‍ തന്നെ ഇത്രത്തോളം പ്രശസ്‌തനാക്കിയതെന്ന്‌ തൃക്കോട്ടൂരിന്റെ `പെരുമാള്‍' പറയുന്നു. തൃക്കോട്ടൂര്‍ കഥകളിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഇരുവര്‍ക്കും ചിരപരിചിതര്‍. അവരില്‍ പലരും ഇന്നും ജീവിച്ചിരുപ്പുണ്ടെന്ന്‌ ഫാത്തിമ പറയുന്നു. മലയാള കഥാലോകത്ത്‌ നവഭാവുകത്വത്തിന്‌ വഴിതെളിയിച്ച തൃക്കോട്ടൂര്‍ കഥകള്‍ എഴുതിയതിന്റെ പേരില്‍ ഭര്‍ത്താവിന്‌ ഒട്ടേറെ വിമര്‍ശനങ്ങള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ടെങ്കിലും എല്ലാത്തിലും താങ്ങുംതണലുമായി എന്നും താന്‍ കൂടെയുണ്ടായിരുന്നുവെന്നു ഫാത്തിമ ബീവി പറയുന്നു. തിക്കോടിയിലെ പേരുകേട്ട തറവാടായ ഖാസിമാരുടെ പാരമ്പര്യത്തിലെ കണ്ണിയാണ്‌ ഫാത്തിമ ബീവി. തിക്കോടിക്കാരനായ പരേതനായ കുഞ്ഞിമുട്ടിഹാജിയുടെയും ബീബികുട്ടിയുടെയും നാലുപെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ്‌ ഫാത്തിമ ബീവി.തൃക്കോട്ടൂര്‍ പെരുമ, പന്തലായിനിയിലേക്ക്‌ ഒരുയാത്ര, ചങ്ങല തുടങ്ങി ഒട്ടേറെ കൃതികള്‍ ഫാത്തിമ്മയ്‌ക്ക്‌ ഇന്നും പ്രിയപ്പെട്ടവയാണ്‌. നമ്മുട നിരൂപകരും സാഹിത്യവിദ്യാര്‍ത്ഥികളും വേണ്ടരീതിയില്‍ ശ്രദ്ധിക്കാതെ പോയ നോവലാണ്‌ ചങ്ങല. ഈ നോവല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന കാലത്ത്‌ അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്‌ക്കണമെന്ന്‌ ചില നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന്‌ തനിക്ക്‌ കൂട്ടായി നിന്നത്‌ ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ കൂടിയായിരുന്ന സി. എച്ച്‌. മുഹമ്മദ്‌ കോയ സാഹിബ്‌ ആയിരുന്നുവെന്നും ഖാദര്‍ക്ക നന്ദിയോടെ സ്‌മരിക്കുന്നു. മുസ്‌ലിം സാമുദായികാന്തരീക്ഷത്തില്‍ എഴുതിയിട്ടുള്ള ഉറൂബിന്റെ ഉമ്മാച്ചു ഒരിക്കലും ഒരു യഥാസ്ഥിതിക മുസ്‌ലിം സമുദായത്തിന്റെ കഥയായിരുന്നില്ലെന്നും അതിന്‌ തുടക്കംകുറിച്ചത്‌ ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനണ്ടായിരുന്നു എന്ന കൃതിയാണെന്നും ഖാദര്‍ക്ക പറയുന്നു. അതുപോലെ തന്നെ ചങ്ങലയെ സാഹിത്യസൃഷ്‌ടിയായി എടുക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നും പറയുന്ന ഈ കഥാകാരന്‍, എന്നാല്‍ പ്രശസ്‌ത നിരൂപകനായ എം. ആര്‍. ചന്ദ്രശേഖരനെ പോലുള്ള ചുരുക്കം ചിലര്‍ ആ നോവലിനെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ അതൊരു മികച്ച സാഹിത്യസൃഷ്‌ടിയായി വിലയിരുത്താനുമുണ്ടായി. മുസ്‌ലിം സമുദായത്തിലെ ഇന്ദുലേഖയെന്നാണ്‌ എം. ആര്‍. സി. ചങ്ങലയെന്ന നോവലിനെ കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌.പക്ഷേ, തൃക്കോട്ടൂരിന്റെ ഗാഥകളുമായി യു. എ. ഖാദര്‍ എന്ന എഴുത്തുകാരന്‍ മലയാളസാഹിത്യലോകത്തെത്തിയപ്പോള്‍ ആര്‍ക്കും അവഗണിച്ചുതള്ളാന്‍ കഴിഞ്ഞില്ല. തൃക്കോട്ടൂര്‍ കഥകള്‍ പിന്നീട്‌ പലരും പഠനത്തിന്‌ തന്നെ വിഷയമാക്കിയെടുത്തിട്ടുണ്ട്‌. ഒരു പ്രദേശത്തിന്റെ കഥ പറഞ്ഞ എഴുത്തുകാര്‍ നിരവധിയാണെങ്കിലും ഒരു കൊച്ചുപ്രദേശത്തിന്റെ ഗതകാലജീവിതം സമഗ്രമായി അവതരിപ്പിച്ച തൃക്കോട്ടൂരിന്റെ പെരുമകള്‍ ഇന്നും നിത്യഹരിതമായി മലയാളത്തില്‍ നിലനില്‍ക്കുന്നു. ഒരു ചിത്രകാരന്‍കൂടിയായ എഴുത്തുകാരന്‍ നല്‌കിയ വാങ്‌മയചിത്രങ്ങള്‍. അന്നത്തെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളും മിത്തുകളും തേടിയുള്ള നീണ്ട പര്യവേക്ഷണങ്ങള്‍ നമുക്ക്‌ ഒരു നവ്യാനുഭവം തന്നെയാണ്‌ സമ്മാനിച്ചത്‌ കഥാകാരന്‍.ഖാദര്‍ക്കയിലൂടെ ഒരുപാട്‌ എഴുത്തുകാരും അവരുടെ ഭാര്യമാരുമൊക്കെയായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്‌ ഫാത്തിമാക്ക്‌. അതില്‍ എന്നും ഓര്‍മ്മകളില്‍ നില്‍ക്കുന്നത്‌്‌ വൈക്കം മുഹമ്മദ്‌ ബഷീറും ഭാര്യ ഫാബിയുമായുള്ള സ്‌നേഹബന്ധമാണ്‌. ബഷീര്‍ക്കായ്‌ക്ക്‌ തന്നെ ഏറെ ഇഷ്‌ടമായിരുന്നുവെന്നും ഫാത്തിമ ഓര്‍ക്കുന്നു. ബഷീര്‍ക്ക ഉള്ള സമയത്ത്‌ വൈലാലിലെ വീട്ടില്‍ ചെന്നാല്‍ പൊട്ടിച്ചിരിയും തമാശകളും നിറഞ്ഞ നല്ലൊരു അന്തരീക്ഷമാണ്‌ ഉണ്ടായിരുന്നതെന്നും ഫാത്തിമ ഓര്‍ക്കുന്നു.ഫാത്തിമയുടെ ജീവിതത്തില്‍ പുനര്‍ജന്മത്തിന്റെ കഥകൂടി ഖാദര്‍ക്കായ്‌ക്ക്‌ പറയാനുണ്ട്‌. അത്‌ പറയുമ്പോള്‍ ഒരമ്പരപ്പും ആ മുഖത്ത്‌ വായിച്ചെടുക്കാമായിരുന്നു. മരണത്തില്‍ നിന്ന്‌ കരകയറി വീണ്ടും തനിക്ക്‌ താങ്ങുതണലുമായി എത്തിയിരിക്കുന്നതിന്റെ നിറഞ്ഞ സന്തോഷവും ആ മുഖത്തുണ്ട്‌. കാലത്തിന്റെ ഒഴുക്കിനിടയില്‍ തനിക്ക്‌ താങ്ങും തണലുമായി നിന്ന ഭാര്യ ഫാത്തിമയെ ഒട്ടുമിക്ക യാത്രകളിലും ഖാദര്‍ക്ക കൂടെ കൂട്ടാറുണ്ടായിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരുമിച്ച്‌ ഹജ്ജിന്‌ പോയത്‌ ഫാത്തിമയുടെ ഓര്‍മ്മകളില്‍ ഖാദര്‍ക്കായുടെ കൂടെയുള്ള യാത്രകളില്‍ ഏറ്റവും അവിസ്‌മരണീയമായ യാത്രകളൊന്നാണ്‌. തന്റെ കിടക്കയില്‍ തനിക്ക്‌ കൂട്ടായി ഭാര്യ ഉണ്ടായതിനുശേഷമാണ്‌ മനസ്സമാധാനത്തോടെ കിടന്നുറങ്ങിയത്‌ എന്ന്‌ ഖാദര്‍ക്ക പറയുന്നു. അതുപോലെ തന്നെയാണ്‌ ഫാത്തിമയ്‌ക്കും ഖാദര്‍ക്ക ഇല്ലാത്ത രാത്രികള്‍ ദുസ്സഹം തന്നെയാണ്‌. കഴിഞ്ഞ പെരുന്നാളിന്‌ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടിയതിന്റെ സന്തോഷത്തിലാണ്‌ ഖാദര്‍ക്കായും ഫാത്തിമയും. നോമ്പിനും പെരുന്നാളിനുമൊക്കെ മരണംവരെ കൂട്ടായി തന്റെ യാത്രകളില്‍ പ്രിയതമന്‍ ഉണ്ടാകണമെന്ന്‌ പടച്ചവനോട്‌ പ്രാര്‍ത്ഥിച്ചുകഴിയുകയാണ്‌ ഫാത്തിമ ബീവി.

Friday, June 13, 2008

penkazhcha

njanitha oru puthiya blog thudangiyirukkunnu.
ningal ente srishtikal vayichu nallathu maathram parayane....