Friday, July 11, 2008

കാണാത്ത വഴികളിലൂടെ

  1. തണുത്ത ഡിസംബറിലെ ഒരു വൈകുന്നേരം എറണാകുളത്തുനിന്ന്‌ വണ്ടികയറുമ്പോള്‍ ഒരിക്കലും നിന്നെ കണ്ടുമുട്ടുമെന്നോ ഇത്രയേറെ സൗഹൃദത്തോടെ പെരുമാറുമെന്നോ കരുതിയിരുന്നില്ല. ഇന്റര്‍സിറ്റിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ണുകള്‍ തമ്മില്‍ ഉടക്കിയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, പിന്നീടൊരിക്കല്‍ നീ എന്റെ എല്ലാമാകുമെന്ന്‌...യാത്രയുടെ നാല്‌നാലര മണിക്കൂറൂകള്‍ എന്നത്തന്നെ നീ നോക്കിയിരിന്നപ്പോള്‍, എന്തോ ഞാന്‍ നിന്റേതാണെന്ന്‌ തോന്നിപ്പോയി. പിന്നെ നിനക്ക്‌ ഇരിക്കാനൊരിടം കിട്ടിയപ്പോള്‍, എന്റടുത്ത്‌ ഇരുന്നപ്പോള്‍... അവസാനം ഇറങ്ങാന്‍ സമയമായപ്പോള്‍ നീ എറിഞ്ഞുതന്ന ആ കുറിപ്പ്‌... തുടിക്കുന്ന ഹൃദയത്തോടെ അത്‌ തറയില്‍ നിന്നെടുക്കുമ്പോള്‍, ഞാന്‍ കൊതിക്കുകയായിരുന്നു, എനിക്കായി ദൈവം നല്‍കിയത്‌ നിന്നെത്തന്നെയാമെന്ന്‌...ട്രെയിനിന്റെ പടവുകളില്‍ കാല്‍വെച്ച്‌ തിരിഞ്ഞപ്പോള്‍, പിറകിലായി നടക്കുകയായിരുന്ന നീ എന്റെ ഹൃദയമിടിപ്പുകള്‍ക്ക്‌ വേഗത വര്‍ദ്ധിപ്പിച്ചത്‌ അറിഞ്ഞിരുന്നോ... നീ തന്ന ഫോണ്‍നമ്പര്‍ ആരും കാണാതെ ചേച്ചിയുടെ ബാഗിന്റെ പുറകിലത്തെ അറയിലിട്ടത്‌, എടുക്കാനുള്ള വ്യഗ്രതയായിരുന്നു പിന്നീട്‌. പക്ഷേ, അപ്പോഴും അറിഞ്ഞിരുന്നില്ല ഞാന്‍ കണ്ണടച്ചിരുട്ടാക്കുകയായിരുന്നുവെന്ന്‌.വീട്ടിലെത്തി ബാഗില്‍ നിന്ന്‌ നിന്റെ നമ്പര്‍ കയ്യിലെടുത്ത്‌ ബാത്ത്‌ റൂമില്‍ കയറി. അപ്പോഴും അറിഞ്ഞിരുന്നില്ല ആ കുറിപ്പു കൈമാറിയിരുന്നത്‌ ആരൊക്കെ കണ്ടിരുന്നുവെന്ന്‌. താഴെ എത്തിയപ്പോള്‍ ഒരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുണ്ടായിരുന്നു. ചോദ്യങ്ങള്‍ പെരുമഴയായി പെയ്‌തപ്പോഴും ആശ്വസിക്കുകയായിരുന്നു, നിന്റെ നമ്പര്‍ എനിക്കു കിട്ടിയതില്‍.ആദ്യമായി നിന്നെ വിളിച്ചത്‌ നീ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? പരിചയപ്പെട്ട്‌ രണ്ടു ദിവസത്തിനു ശേഷം. കൃത്യമായി പറഞ്ഞാല്‍ ജനുവരി ഒന്നിന്‌. നീ എനിക്കു കിട്ടിയ പുതുവത്സര സമ്മാനമാണെന്നു ഞാന്‍ കരുതി. എന്നേക്കാള്‍ ഓര്‍മ്മ നിനക്കായിരിക്കുമല്ലോ? അതല്ലേ നിന്റെ ഭാര്യയോട്‌ നീ എന്നെപ്പറ്റി പറഞ്ഞത്‌? നമ്മള്‍ പരിചയപ്പെട്ട്‌ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമായിരുന്നല്ലോ നിന്റെ പിറന്നാള്‍. അന്ന്‌ നിനക്കു സമ്മാനിച്ച ഗിഫ്‌റ്റ്‌ ഭദ്രമായി നീ എടുത്തുവെച്ചിട്ടുണ്ടെന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നാം സംസാരിച്ചപ്പോള്‍ നീ പറഞ്ഞില്ലേ... അറിയാതെ സ്വയം ശപിച്ചുപോയ നിമിഷങ്ങള്‍... അന്ന്‌, വിറയ്‌ക്കുന്ന കൈയാലെ നിനക്ക്‌ അതുതന്ന്‌ തിരിച്ചുനടക്കുമ്പോള്‍ ഒരു വിപ്ലവം സൃഷ്‌ടിച്ച പ്രതീതിയായിരുന്നു മനസ്സില്‍. പക്ഷേ, അന്നെനിക്ക്‌ പതിനാറ്‌ വയസ്സു മാത്രമായിരുന്നു. ഇന്ന്‌ ഏഴു വര്‍ഷത്തിനു ശേഷം അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നഷ്‌ടബോധം മിന്നിമറയുന്നോ എന്നു തോന്നിപ്പോകുന്നു. ഒരു കാര്യം പറയാന്‍ ഞാന്‍ വിട്ടുപോയി. ഇന്ന്‌ ഞാനും ഒരു കുടുംബിനിയാണ്‌. ജീവിതത്തിലെ സുഖങ്ങളും തമാശകളും എല്ലാം അവസാനിച്ചെന്നു തോന്നിയതായിരുന്നു. പക്ഷേ, എന്നെ ഒരുപാട്‌ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെയാണ്‌ എനിക്കു കിട്ടിയത്‌. ഇപ്പോള്‍ ഞാന്‍ ഒരു ഉദ്യോഗസ്ഥ കൂടിയാണ്‌.പിന്നീട്‌ നമുക്കെന്തു പറ്റിയെന്ന്‌ ഞാന്‍ സത്യസന്ധമായി പറയട്ടെ. നീ പരിഭവിക്കരുത്‌. ഞാന്‍ നിന്നോട്‌ കള്ളം പറയുകയായിരുന്നു, നിന്നെപ്പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞതിനാലാണ്‌ ഞാന്‍ നിന്നില്‍ നിന്നകന്നതെന്ന്‌. പക്ഷേ, എന്തോ ഒരകല്‍ച്ച; അത്രമാത്രം.ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ നമ്മള്‍ കണ്ടുമുട്ടിയിരുന്നത്‌ നീ ഓര്‍ക്കുന്നുണ്ടോ? ഒരു വൈകുന്നേരം റസ്റ്റോറന്റില്‍ വെച്ച്‌. അന്ന്‌ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ഞാന്‍ ഒരുപാട്‌ നിന്നെപ്പറ്റി സംസാരിച്ചു. വീടെത്തുന്നതുവരെ നീയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. പിന്നീട്‌ നീകാരണം വീട്ടില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും എന്റെ മനസ്സില്‍ നിന്ന്‌ നീ മാഞ്ഞിരുന്നു. അന്നും നീ എന്നെ വിളിക്കാറുണ്ട്‌; സംസാരിക്കാറുണ്ട്‌. എല്ലാ തിരക്കുകള്‍ക്കിടയിലും എനിക്കായി കരുതിവെക്കാന്‍ നീ സമയം കണ്ടെത്തിയിരുന്നു. നിന്നെ ഞാനൊരു കോമാളിയാക്കിയോ എന്ന്‌ എന്റെ കൂട്ടുകാരി എന്നോടു ചോദിക്കാറുണ്ടായിരുന്നു. എന്നെക്കുറിച്ചു എഴുതാന്‍ മാത്രമായി അവള്‍ക്ക്‌ ഞാനൊരു ഡയറി സമ്മാനിച്ചപ്പോള്‍ അതിലും നിറഞ്ഞുനിന്നിരുന്നത്‌ നീയായിരുന്നു. അപ്പോഴും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.പിന്നെ പി. ജി.ക്കു പഠിക്കുമ്പോഴാണ്‌ നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത്‌. അന്ന്‌ വീണ്ടും നിന്നിലേക്കടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അന്ന്‌ എന്റെ കൂട്ടുകാരിതന്നെ എനിക്കെതിരാവുകയായിരുന്നു. നീ എനിക്കു ചേര്‍ന്നവനല്ല, നിന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌ എന്നൊക്കെ അവള്‍ പറഞ്ഞപ്പോള്‍ എന്തോ, എനിക്കത്‌ അന്ന്‌ വേദവാക്യമാവുകയായിരുന്നു.പിന്നെ ജോലികിട്ടിയപ്പോള്‍ ഞാന്‍ നിന്നെ വീണ്ടും വിളിച്ചു. അന്ന്‌ ഓഫീസില്‍ ഫോണ്‍ ഫ്രീയായിരുന്നു. ആരേയും വിളിക്കാനില്ലാത്തതുകൊണ്ട്‌ നിന്നെ വിളിക്കുകയായിരുന്നു. എല്ലാ തിരക്കിനിടയിലും നീ എന്നോട്‌ സംസാരിക്കാന്‍ സമയം കണ്ടെത്തി. എന്നെ വിവാഹം കഴിക്കാമോ എന്ന്‌ ഞാന്‍ ആദ്യമായി നിന്നോട്‌ ചോദിച്ചു. നീ ചിരിച്ചു. അതായിരുന്നു ആദ്യമായി ഞാന്‍ നിന്റെ മുന്നില്‍ പതറിപ്പോയ നിമിഷങ്ങള്‍. പിന്നീട്‌ നീ ആലോചിക്കട്ടെ എന്നു പറയുമ്പോള്‍ നിന്റെ സാന്നിദ്ധ്യം ഞാന്‍ ആഗ്രഹിക്കാതെയും പോയി. എന്റെ വിവാഹം നിശ്ചയിച്ച വിവരം നിന്നെ അറിയിച്ചപ്പോള്‍ ആദ്യം നീ വിശ്വസിച്ചില്ല. അന്ന്‌ നീ ചോദിച്ചു, നീ ഫോണ്‍ ചെയ്‌തപ്പോള്‍ എന്തേ എടുക്കാതിരുന്നതെന്ന്‌. എന്നെ വിവാഹം കഴിക്കാനിഷ്‌ടമാണെന്നു പറയാനായിരുന്നു നീ അന്നാ ഫോണ്‍ ചെയ്‌തത്‌ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എന്തോ ദൈവം നിന്നോട്‌ ചെയ്‌ത തെറ്റിന്‌ എന്നെ ശിക്ഷിക്കുകയായിരുന്നു. അതായിരുന്നു ആ ഫോണ്‍ വന്നപ്പോള്‍ അതെടുക്കാതിരിക്കാന്‍ എനിക്കു തോന്നിയത്‌.പിന്നെ അവസാനമായി നിന്നെ കണ്ടത്‌, ആ പുതിയ റസ്റ്റോറന്റില്‍ വെച്ചായിരുന്നു. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചു, നിന്റെ കയ്യും പിടിച്ചുനില്‍ക്കുന്ന നിന്റെ ഭാര്യയെ കണ്ട്‌. എന്തൊരു സൗന്ദര്യം...

8 comments:

ഇഖ്ബാല്‍ ഹരിതകം said...

സ്വാഗതം, നന്നായിരിക്കുന്നു ഫെബിന

ഗോപക്‌ യു ആര്‍ said...

love story 2000
best wishes

Unknown said...

സ്വാഗതം....

കൊള്ളാം!

ഓടോ: ആദ്യത്തെ പോസ്റ്റിനെ കുറ്റം പറയുവാണെന്നു പറയരുത്. മാത്രല്ല, അവസാനം അങ്ങ്ട് ശരിയായോ എന്നൊരു സംശയം, നിക്കു തോന്നിയതേണേ...

ഇനിയും എഴുതണേ... വീണ്ടൂം കാണാം..

Shaf said...

നന്നായി എഴുതി,,ചില കാര്യങ്ങള്‍ വലിച്ചുനീട്ടിയോ എന്നു സംശയം..!കല്ലിയാണം കഴിച്ചാലെ പ്രണയം വിജയിക്കൂ എന്ന് ആരും എഴുതി വെച്ചിട്ടില്ല..:)
അതിനെ ജീവിതത്തിന്റെ വസന്തമായെടുക്കൂ,,ഭര്‍ത്താവുമൊത്ത് പുതിയൊരു ജീവിതം നയിക്കുമ്പോള്‍ ഈ ഒരു കുറ്റസമ്മതത്തിനു പ്രസക്തിയില്ല...അവസാനവരി എന്തോ ഇഷ്ട്പെട്ടില്ല..

കൂടുതല്‍ എഴുതൂ..

Unknown said...

ഫെജിന....
ഞാനാദ്യായിട്ടാ ഇവിടെ വരണത്. ഇങ്ങനൊരു ബ്ലോഗ്ഗ് തുടങ്ങിയ കാര്യം അറിഞ്ഞിറ്രുന്നില്ല ഞാന്‍. എന്തായാലും കാണാത്ത വഴികള്‍ വായിച്ചു. കൊള്ളാം. നന്നായിരിക്കുന്നു. ഇത് ഒരു കഥയാണോ അതൊ അനുഭവക്കുറിപ്പോ? എന്തായാലും ഇന്നീം എഴുതുക. ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

ഫെജിനാ..
മനോഹരമായ എഴുത്ത്‌...
ഓര്‍മ്മകളുടെ സുഗന്ധം
നിന്നില്‍ നിന്ന്‌ ഊര്‍ന്നിറങ്ങുന്നത്‌ കാണുമ്പോള്‍
സന്തോഷം തോന്നുന്നു...
ആശംസകള്‍...



"പ്രസ്സ്‌ ക്ലബ്ബിലുണ്ടായിരുന്ന ഫെജിന തന്നെയല്ലേ?"

ഒരു സ്നേഹിതന്‍ said...

ഫെജിനാ..

പെണ്‍കാഴ്‌ചക്കുള്ളിലെ "കാണാത്ത വഴികളിലൂടെ" സഞ്ജരിക്കാൻ പറ്റിയതിപ്പോഴാണു,

ഇവിടെ മധുര പ്രണയത്തിന്റെ പൂക്കാതെ പോയ മൊട്ടുകൾക്ക് വിരഹത്തിന്റെ വേതനയുടെ ആക്കം കുറക്കുന്നു നിങ്ങളുടെ സ്നേഹിക്കാൻ മാത്രമറിയാവുന്ന ഭർത്താവും, അവന്റെ സുന്ദരിയായ ഭാര്യയും..

സർവ്വാശംസകളും നേരുന്നു...

ബഷീർ said...

പ്രമേയം പുതിയതല്ല.. എങ്കിലും തരക്കേടില്ല എഴുത്ത്‌.
ആശംസകളോടെ

കൊതിച്ചത്‌ കിട്ടിയില്ലെങ്കില്‍ വിധിച്ചത്‌ സ്വീകരിച്ച്‌ ..പഴയത്‌ മറക്കുക.. ഓട്ടോഗ്രാഫിലെ വാചകമാണേ..

OT
പാരഗ്രാഫ്‌ തിരിച്ചെഴുതിയാല്‍ നന്ന്

ഷിഫ്റ്റ്‌ +എന്റര്‍ ഉപയോഗിച്ചാല്‍ മതി..

remove word verification too